കേരളീയ നാടാർ സമാജം
ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടുന്നതിന് ദശാബ്ദങ്ങൾക്ക് മുമ്പ് തിരുവിതാംകൂറിലെ പിന്നോക്ക സമുദായങ്ങളിൽപ്പെട്ടവർ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതത കാരണവും ജന്മിമാരുടെ കീഴിൽ പകലന്തിയോളം പണിയെടുത്താലും പട്ടിണിമാത്രം കൈമുതലാക്കി ദാരിദ്ര്യം അനുഭവിച്ച് അസംഘടിതരായി കഴിഞ്ഞുവന്നിരുന്ന ഒരു കാലഘട്ടത്തിൽ തിരുവനന്തപുരം ജില്ലയുടെ തെക്ക്‌ഭാഗത്ത് വിവിധ പ്രദേശങ്ങളിൽ ഉള്ള കുറെചെറുപ്പക്കാർ പിൽക്കാലത്ത് ശിവയോഗിയായി മാറിയ ശ്രീ.പൊന്നയ്യനാടാരുടെ നേതൃത്വത്തിൽ സംഘടിച്ച് കിടാരകുഴി ആസ്ഥാനമാക്കി കേരളീയ നാടാർ സമാജം എന്ന സംഘടന രൂപീകരിച്ചു കൊണ്ട് പ്രവർത്തനം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യമായിരുന്നു. സംഘടനകൾ എല്ലാം തന്നെ കമ്പനി നിയമം അനുസരിച്ച് മാത്രമേ രജിസ്‌റ്റർ ചെയ്യാൻ കഴിയുമായിരുന്നുള്ളു. കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനും നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളീയ നാടാർ സമാജം എന്നപേരിൽ ഒരു സംഘടന രൂപീകരിച്ചവരുടെ ദീർഘവീക്ഷണം എന്തുമാത്രമായിരുന്നു എന്ന് നാം ചിന്തിക്കണം. പ്രസ്‌തുത സംഘടന 1915 ഏപ്രിൽ 14-ാം തീയതി (കൊല്ലവർഷം 1090-ാം മാണ്ട് മീനമാസം 30-ാം തീയതി)കമ്പനി നിയമ പ്രകാരം നോൺട്രേഡിങ്ങ് കമ്പനിയായി രജിസ്‌റ്റർ ചെയ്യപ്പെട്ടു. സംഘടനയ്ക്ക് ഇന്നത്തെ തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലായി വിവിധ സ്ഥലങ്ങളിൽ ബ്രാഞ്ചാഫീസുകൾ പ്രവർത്തിച്ചിരുന്നു എന്ന് രേഖകളിൽ നിന്നും വ്യക്തമാണ്. സംഘടന രജിസ്‌റ്റർചെയ്യപ്പെടുന്നതിനും 65 വർഷം മുമ്പ് സ്ഥാപിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന കിടാരകുഴി ഇടിവിഴുന്നവിള ദേവീക്ഷേത്രത്തിന്റെ നടത്തിപ്പ് പ്രസ്‌തുത സംഘടന ഏറ്റെടുക്കുകയായിരുന്നു. അക്കാലത്ത് ജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള എളുപ്പമാർഗ്ഗം ആരാധനാലയങ്ങളാണെന്ന് തിരിച്ചറിഞ്ഞ ഈ സംഘടന പല പ്രദേശങ്ങളിലും നടത്തികൊണ്ട് പോകാൻ കഴിയാതിരുന്ന ക്ഷേത്രങ്ങൾ ഏറ്റെടുക്കുകയോ പുതിയതായി സ്ഥാപിക്കപ്പെടുകയോ ചെയ്തു.
19-ാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി കേരളത്തിൽ ഉടലെടുത്ത നവോത്ഥാന നായകരുടെയും ആശയങ്ങളിൽ ആകൃഷ്ടരായ അന്നത്തെ കേരളീയ നാടാർ സമാജം പ്രവർത്തകർ വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉന്നതിയിലെത്താൻകഴിയൂ എന്ന് മനസ്സിലാക്കി കുടിപ്പള്ളികൂടങ്ങൾ സ്ഥാപിച്ചു. കേരളീയ നാടാർ സമാജം സ്ഥാപകനായ ശിവയോഗി പൊന്നയ്യ നാടാരുടെ നേതൃത്വത്തിൽ മുല്ലൂർ, മുക്കോല, കിടാരക്കുഴി എന്നിവിടങ്ങളിൽ പള്ളിക്കൂടങ്ങൾ ആരംഭിച്ചു. 1957 ൽ ഭരണത്തിൽ വന്ന ശ്രീ ഈ എം എസിന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി താല്പര്യമുള്ള പള്ളിക്കൂടങ്ങളെ സർക്കാർ സ്ക്കൂളുകളാക്കി മാറ്റിയപ്പോൾ അന്ന് സംഘടനയെ നയിച്ചിരുന്നവർ നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ പൊതു സമൂഹത്തിനുകൂടെ ഗുണകരമാകുന്ന തരത്തിലുള്ള തിരുമാനം എടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് കേരളീയ നാടാർസമാജം നടത്തിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാരിന് വിട്ടുകൊടുത്തത്.
കിടാരക്കുഴി ഇടിവിഴുന്നവിള ദേവീക്ഷേത്രവും, അനുബന്ധ ഉപദേവതാക്ഷേത്രങ്ങളും, ശ്രീദേവി കല്ല്യാണ മണ്ഡപവും, രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന ശ്രീഭദ്ര ഹിന്ദുധർമ്മ പഠനകേന്ദ്രവും, ഹിന്ദുമത ഗ്രന്ഥശാലയും, മേൽപറഞ്ഞവയെല്ലാം സ്ഥിതിചെയ്യുന്ന രണ്ടര ഏക്കറോളം വരുന്നഭൂമിയും കിടാരക്കുഴി ഹെഡ് ഓഫീസായ കേരളീയ നാടാർ സമാജത്തിൻ്റെ ഉടമസ്ഥതയിലാണ്. തുടക്കം മുതൽ തന്നെ ഈ സ്ഥാവര ജംഗമ സ്വത്തുക്കൾ നേടിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച, മുൻകാലത്തെയും ഇപ്പോഴത്തെയും നമ്മുടെ നേതാക്കളുടെയും പ്രവർത്തകരുടെയും സമർപ്പിത സേവനത്തെ ഞങ്ങൾ ആദരപൂർവ്വം സ്മരിക്കുന്നു. ഇപ്പോൾ 4900 ത്തിൽ അധികം അംഗങ്ങളുള്ള കേരളീയ നാടാർസമാജത്തിൽ പല മുൻകാല പ്രവർത്തകരുടേയും പേരുകൾ നമുക്ക്അജ്ഞാതമാണ്.
കേരളീയ നാടാർ സമാജസ്ഥപകനും ആദ്യ ജനറൽസെക്രട്ടറിയുമായ ശിവയോഗി പൊന്നയ്യനാടാർ, പി.രത്നസ്വാമിനാടാർ, എൻ. വേലായൂധൻനാടാർ, ആർ. കൃഷ്ണൻ നാടാർ, ആർ.പൊന്നയ്യനാടാർ, പി. സോമശേഖരൻ നാടാർ, ആർ. ശിവശങ്കരൻ നാടാർ, തുടങ്ങിയവരുടെ സേവനങ്ങൾ വിലമതിക്കാനാകാത്താണ്.
സമാജത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ ഒരു വർഷം നീണ്ടുനിന്ന വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 27.12.2015 ന് നടന്ന സമാപന സമ്മേളനത്തിൽ ശ്രീമതി ജമീല പ്രകാശം MLA, തിരുവനന്തപുരം സിറ്റി മേയർ ശ്രീ. വി.കെ.പ്രശാന്ത്, തിരുവനന്തപുരം സിറ്റി പോലീസ്കമ്മീഷണർ ശ്രീ.എച്ച്. വെങ്കിടേശ് ഐ.പി.എസ്. നഗരസഭാ കൗൺസിലർ ശ്രീമതി. സി. ഓമന എന്നിവരുടെ സാന്നിദ്ധ്യത്തിൽ അന്നത്തെ കേരളീയ നാടാർ സമാജം പ്രസിഡൻ്റ് ശ്രീ. എ. അംബികാദാസൻ നാടാർ, ജനറൽ സെക്രട്ടറി കുഴിവിള ശശി, മുൻ ജനറൽസെക്രട്ടറി വട്ടവിള വിജയകുമാർ, വൈസ്പ്രസിഡൻ്റുമാരായ സർവ്വശ്രീ. സി. വിജയൻ, എൻ വിശ്വംഭരൻ ജോയിന്റ് സെക്രട്ടറിമാരായ സർവ്വശ്രീ. എ. സുകുമാരൻ, എസ്.എൽ സജി, ഖജാൻജി ശ്രീ. കെ.ബി. ചന്ദ്രമോഹനൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 100 നിലവിളക്കിൻ്റെ പ്രഭയിൽ സമുദായത്തിലെ 100 പ്രഗത്ഭരെ ആദരിച്ചു.
കേരളീയ നാടാർ സമാജത്തിൻ്റെ അധീനതയിലുള്ള കിടാരക്കുഴി ഇടിവിഴുന്നവിള ദേവീക്ഷേത്രത്തെ തിരുവനന്തപുരം ജില്ലയിലെ അറിയപ്പെടുന്ന ക്ഷേത്രങ്ങളിൽ ഒന്നായി വളർത്തിയതും ഇന്നാട്ടിലെ പാവപ്പെട്ടവരുടെ വിവാഹ ചെലവുകൾ കുറക്കുന്നതിന് തുച്ഛമായ നിരക്കിൽ വാടകയ്ക്ക് നൽകുന്നതിനുവേണ്ടി ശ്രീദേവി കല്ലാണ മണ്ഡപം സ്ഥാപിച്ചതും, കുട്ടികൾ കുടുംബത്തിനും നാടിനും ഗുണകരമായ രിതിയിൽ സംസ്കാരസമ്പന്നരായി വളരുന്നതിനുതകുന്നതരത്തിൽ ഇപ്പോൾ 250 ൽപരം കുട്ടികൾ പഠിക്കുന്ന ശ്രീ.ഭദ്രാ ഹിന്ദുധർമ്മ പഠനകേന്ദ്രം സ്ഥാപിച്ചതും, ആദ്ധ്യാത്മിക വിദ്യാഭ്യാസം കൂടുതൽ തലങ്ങളിലേക്ക് ഉയർത്തുന്നതിനായി ശ്രീഭദ്ര ഹിന്ദുമത ഗ്രന്ഥശാല സ്ഥാപിച്ചതും, പല ഘട്ടങ്ങളിലായി വിഴിഞ്ഞം വില്ലേജിൽ ഇത്രയും ഭൂമി സ്വന്തമാക്കിയതും എടുത്തുപറയത്തക്ക നേട്ടങ്ങളാണ്.
അടുത്ത കാലത്ത് സമാജത്തിനു വേണ്ടി അനേക ലക്ഷംരൂപ വിലയുള്ള 6 സെൻ്റ് ഭൂമിദാനമായി നൽകിയ തിരുവനന്തപുരം ടെക്നോപാർക്കിലെ ഷെൽസ്ക്വയർ സോഫ്റ്റ്വെയർ മാനേജിങ്ങ്ഡയറക്ടർ ശ്രീ. അരുൺ സുരേന്ദ്രൻ, 5 സെന്റ്റ് ഭൂമി ദാനമായി നൽകിയപുലിയൂർകോണം KWA കോൺട്രാക്ടർ ശ്രീ. അജി എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു.
ഭരണസമിതി,
- സർവ്വശ്രീ. എൻ. വിശ്വംഭരൻ (പ്രസിഡൻ്റ്)
- കെ.ബി. ചന്ദ്രമോഹനൻ(വൈസ് പ്രസിഡന്റ്)
- സി.പുഷ്കരൻ (വൈസ് പ്രസിഡന്റ്)
- സിസിലിപുരം പി വിജയൻ (ജനറൽ സെക്രട്ടറി)
- ജി.സുരേന്ദ്രൻ (ജോയിൻ്റ് സെക്രട്ടറി)
- കെ. വിനയകുമാർ (ജോയിൻ്റ് സെക്രട്ടറി)
- വട്ടവിള രാജൻ (ഖജാൻജി)
